ജീവൻ രക്ഷിക്കാൻ ഒരുമിച്ചാലേ പറ്റൂ! കേരളത്തിൽ ഏകീകരിച്ച ആംബുലൻസ് സേവന സംവിധാനം അത്യാവശ്യമാണ്!
ജീവൻ രക്ഷിക്കാൻ ഒരുമിച്ചാലേ പറ്റൂ! കേരളത്തിൽ ഏകീകരിച്ച ആംബുലൻസ് സേവന സംവിധാനം അത്യാവശ്യമാണ്!
നമ്മുടെ ആംബുലൻസ്
ഡ്രൈവർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും അഭിനന്ദനങ്ങൾ!
ഈ ബ്ലോഗ് പോസ്റ്റിലേക്ക് പോകുന്നതിനു മുമ്പ്, നിലവിലെ സാഹചര്യത്തിൽ, അത്യാഹിത സാഹചര്യങ്ങളെ നേരിടാൻ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന, ആംബുലൻസ് ഡ്രൈവർമാർ, പാരാ-മെഡിക്കൽ സ്റ്റാഫ്, ആശുപത്രികൾ, മറ്റു സന്നദ്ധ സേവകർ എന്നിവയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, അവർക്കു ആത്മാർത്ഥമായ നന്ദി അറിയിക്കുകയും ചെയ്യുന്നു. എത്രത്തോളം അവർക്കു വേണ്ടി വാക്കുകൾ പറഞ്ഞാലും, അവരുടെ സമർപ്പിത സേവനം പരിരക്ഷിക്കാൻ ഒന്നും മതിയാകില്ല.
ഈ ബ്ലോഗിൽ ചർച്ച ചെയ്യുന്ന പരിഷ്കാരങ്ങൾ എല്ലാം, ഇത്തരം ഡ്രൈവർമാർക്കും പാരാ മെഡിക്കൽ സ്റ്റാഫിനും അവരുടെ ജോലി എളുപ്പമാക്കാനും, കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുവാനും, അവർക്ക് ആവശ്യമായ പിന്തുണ നൽകാനുമാണ്. അവരുടെ കഠിനാധ്വാനത്തിന് നന്ദി പറയുകയും, അവരുടെ സേവനത്തിന് ആദരവ് നൽകുകയും ചെയ്യുന്നു.
ആരോഗ്യ പരിരക്ഷയിലും
ദുരന്തനിവാരണത്തിലും കേരളം ഒരുപാട് മുന്നേറിയ സംസ്ഥാനം തന്നെയാണ്. പക്ഷേ, ആംബുലൻസ്
സർവീസുമായി ബന്ധപ്പെട്ട വിഷയത്തിൽ നാം ഇപ്പോഴും
ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട്. ഈ ഘട്ടത്തിൽ കേരളത്തിന് ആധികാരികമായും ഏകീകൃതമായും
പ്രവർത്തിക്കുന്ന ആംബുലൻസ് സേവനമേഖല ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ജീവൻ
രക്ഷപ്പെടുത്തുന്ന ഈ സേവനം എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകണം. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ, ആംബുലൻസ് സേവനം ലഭിക്കാൻ പല
നമ്പറുകളും ഉപയോഗിക്കേണ്ടി വരുന്നു. കൂടാതെ, ഈ സേവനം
നടത്തുന്നത് പല ഗവണ്മെന്റ്, സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയ
പാർട്ടികൾ, ക്ലബ്ബുകൾ, ചാരിറ്റി അജൻസികൾ എന്നിവയാണ്. ഇത് കൊണ്ട് തന്നെ സേവന നിലവാരത്തിലും, വാടകയിനത്തിലും വൈരുദ്ധ്യം ഉണ്ടാകുന്നു.
ഇന്നത്തെ സത്യാവസ്ഥ: ജീവൻ
രക്ഷയോ, ജീവൻ ഭീഷണിയോ?
ആംബുലൻസ് ഡ്രൈവർമാരുടെയും എമർജൻസി സർവീസിന്റെയും കാര്യത്തിൽ ഇന്ന് കേരളം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചുവടെ കാണാം:
പലപ്പോഴും മുൻപരിചയം ഇല്ലാത്തവരെയും, സേവന തല്പരരല്ലാത്തവരെയും ഡ്രൈവർമാരായി നിയമിക്കുന്നു.
മുൻപരിചയം ഇല്ലായ്മയും, മനസ്സാന്നിധ്യക്കുറവും ഒരുപാട് റോഡപകടങ്ങൾ ഉണ്ടാക്കുന്നു. . രോഗിയും, കൂടെയിരിക്കുന്നവരും, റോഡരികിൽ നിന്നുള്ള സാധാരണ ആളുകളുടെയും ജീവൻ നഷ്ടപ്പെടുന്ന, നിർഭാഗ്യകരമായ സംഭവങ്ങൾ അടിക്കടി ഉണ്ടാവാനും ഇത് കാരണമാകുന്നു
ചില ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്ഡ് പരിശീലനം ഇല്ലാത്തതിനാൽ, ഗോൾഡൻ അവറിൽ രോഗികൾക്ക് ആവശ്യമായ സഹായം ലഭിക്കാതെ പോകുന്നു.
കമ്മീഷൻ / ഇൻഷുറൻസ് മാഫിയകളുടെ പിടിയിലകപ്പെടുന്ന ചില ഡ്രൈവർമാർ, കമ്മീഷൻ കിട്ടുന്ന സ്ഥലങ്ങളിലേക്ക് മാത്രം രോഗികളെ കൊണ്ടുപോകാൻ താത്പര്യപ്പെടുന്നു. ഇത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
ബേസിക് ലൈഫ് സപ്പോർട്ട് (BLS), First Aid, ഓക്സിജൻ സപ്പോർട്ട്, ICU Facility എന്നീ സൗകര്യങ്ങൾ ഉള്ള ജീവൻ രക്ഷിക്കാൻ സഹായകമായ ആംബുലൻസുകൾ വൻനഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ. ഗ്രാമീണപ്രദേശങ്ങളിൽ ഈ സൗകര്യങ്ങൾ പ്രായോഗികമായ രീതിയിൽ ലഭിക്കുന്നില്ല.
രോഗികൾക്ക് ആംബുലൻസ് ലഭിച്ചാലും, പെട്ടെന്ന് എത്തിച്ചേരാവുന്ന 24/7 എമർജൻസി ഹോസ്പിറ്റൽ സൗകര്യങ്ങളുടെ അഭാവം, സമയബന്ധമായ ചികിത്സ നൽകുന്നതിൽ ദുർബലതയുണ്ടാക്കുന്നു.
പരിഹാര മാർഗ്ഗം:
ഏകീകൃത ആംബുലൻസ് സർവീസ് പ്ലാൻ
നമ്മുടെ ലക്ഷ്യം 'ഒറ്റ നമ്പർ - ഒറ്റ സേവനം' എന്ന പ്രിൻസിപ്പിലിനെ അടിസ്ഥാനമാക്കിയുള്ള സമ്പൂർണ,സംയോജിത സംവിധാനമായിരിക്കണം. അതിലേക്കാവശ്യമായ ആശയങ്ങളും, സാങ്കേതിക വിദ്യകളും, സാധാരണക്കാരും, സമൂഹത്തിലെ വിവിധ-തലങ്ങളിലുള്ള, വിധക്തരിൽ നിന്നും, ആവശ്യമെങ്കിൽ മറ്റു വികസിത രാജ്യങ്ങളിൽ നിന്നും രൂപപ്പെടുത്തി, പ്രയോഗത്തിൽ വരുത്തേണ്ടതാണ്.
കേരളത്തിലെ ആംബുലൻസ് സേവനത്തിനായി ഒരു സാധാരണക്കാരൻ എന്ന നിലയിൽ എന്റെ നിർദേശങ്ങൾ:
1. ഏകീകൃത ടോൾ-ഫ്രീ നമ്പർ
ഒരു കേന്ദ്ര നമ്പർ: 100 / 108/ 112 പോലുള്ള ഹെൽപ്പ്ലൈൻ (അല്ലെങ്കിൽ പുതിയ ഒരു നമ്പർ). ഈ നമ്പർ ഡയൽ ചെയ്താൽ രോഗിയുടെ സ്ഥിതി, ലൊക്കേഷൻ എന്നിവ നിരീക്ഷിച്ച്, സമീപത്തുള്ള സൗകര്യമുള്ള ആംബുലൻസ് വാഹനം തൽക്ഷണം നിയോഗിക്കും.
2. ഏകീകൃത കൺട്രോൾ സെന്റർ:
ഒരു ഏകീകൃത കൺട്രോൾ സെന്റർ സ്ഥാപിക്കണം, ഇത് ആംബുലൻസുകളുടെ ലൊക്കേഷൻ, ലഭ്യത, സേവന നിലവാരം എന്നിവ നിരീക്ഷിക്കും. ഈ സെന്റർ രോഗിയുടെ അവസ്ഥ മനസ്സിലാക്കി, ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് ആംബുലൻസ് അയയ്ക്കണം. രോഗിയെ കൊണ്ട് പോകേണ്ട, സൗകര്യങ്ങളുള്ള, ഏറ്റവും അടുത്ത ആശുപത്രി ഡ്രൈവർക് നിർദേശിക്കുകയും, GPS വഴി നിയന്ത്രിക്കുകയും, മാർഗനിർദേശങ്ങൾ നൽകേണ്ടതും, ഈ കൺട്രോൾ സെന്റർ ആയിരിക്കണം. ആംബുലൻസിനെയും, അവർ എത്തിച്ചേരേണ്ട ആശുപത്രിയെ മുൻകൂട്ടി അറിയിക്കുകയും, ബന്ധപ്പെടുത്തേണ്ടതും കൺട്രോൾ സെന്റർ ആയിരിക്കണം. ഇത് മൂലം, നാം മുമ്പ് പറഞ്ഞ, ഇൻഷുറൻസ്, കമ്മീഷൻ പാർട്ടികളെ അകറ്റി നിർത്താനും, മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്താനും സാധിക്കും.
3. പരിശീലനം ലഭിച്ച ഡ്രൈവർമാർ & നേഴ്സ്
എല്ലാ ഡ്രൈവർമാർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS), അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS) പരിശീലനം നിർബന്ധം.
പാരാമെഡിക്കൽ സ്റ്റാഫ് അല്ലെങ്കിൽ പരിശീലനം ലഭിച്ച നേഴ്സ് കൂടെ യാത്ര ചെയ്യുന്ന സംവിധാനം.
ആംബുലൻസ് രോഗിയുടെ അവസ്ഥയെക്കുറിച്ച് ഹോസ്പിറ്റലിനെ മുൻകൂട്ടി അറിയിക്കണം. ഇത് രോഗിയെ സ്വീകരിക്കാനും ചികിത്സ നൽകാനും ഹോസ്പിറ്റലിനെ തയ്യാറാക്കുന്നു.
ഡ്രൈവർ, സ്റ്റാഫ്, പാരാമെഡിക്കൽ ഉദ്യോഗസ്ഥർക്ക് സ്റ്റാൻഡേർഡ് യൂണിഫോം.
ഓരോ ആംബുലൻസും ആധുനിക മെഡിക്കൽ കിറ്റുകൾ, ഓക്സിജൻ, ജീവൻ രക്ഷ ഉപകാരണങ്ങളോട് കൂടിയ സജ്ജീകരണങ്ങളോടൊപ്പം, നല്ല നിലവാരമുള്ള വാഹനങ്ങൾ ഉറപ്പു വരുത്തുക.
· വാടക നിരക്ക്:
ആംബുലൻസ് വാടകയുടെ നിരക്ക് സർക്കാർ നിശ്ചയിച്ച നിലവാരത്തിൽ ആയിരിക്കണം. ഇത് സ്വകാര്യ ആംബുലൻസുകൾക്കും ബാധകമാക്കണം.
ഓരോ ആംബുലൻസിനും ഒരു ഡിജിറ്റൽ മീറ്റർ സ്ഥാപിക്കാം, ഇത് യാത്രയുടെ ദൂരം അനുസരിച്ച് വാടക കണക്കാക്കും.
സർക്കാർ-സ്വകാര്യ മേഖലകളുടെ ഏകീകരണവും സാമ്പത്തിക പരിഹാരങ്ങളും
കേരളത്തിലെ ആംബുലൻസ് സേവനം മെച്ചപ്പെടുത്തുന്നതിന്, സർക്കാർ, സ്വകാര്യ മേഖലകൾ എന്നിവയുടെ ഏകീകരണം അത്യാവശ്യമാണ്. ഈ ഏകീകരണത്തിലൂടെ, സേവന നിലവാരം മെച്ചപ്പെടുത്താനും, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കും. ഈ നടപടികൾ നടപ്പാക്കുന്നതിലൂടെ, കേരളത്തിലെ ആംബുലൻസ് സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാകും.
സ്വകാര്യ ആംബുലൻസുകൾക്ക് സർക്കാർ സബ്സിഡി നൽകണം. ഈ സബ്സിഡി ആംബുലൻസുകളുടെ പരിപാലനം, ഇന്ധനം, സ്റ്റാഫിന്റെ പരിശീലനം എന്നിവയ്ക്കായി ഉപയോഗിക്കാം
ആംബുലൻസ് സേവനത്തിനായി ഒരു ഇൻഷുറൻസ് സ്കീം സ്ഥാപിക്കണം. ഈ സ്കീം ആംബുലൻസുകളുടെ പരിപാലനം, അപകടങ്ങൾ, സ്റ്റാഫിന്റെ ആരോഗ്യം എന്നിവയ്ക്കായി ഉപയോഗിക്കാം.
കോർപ്പറേറ്റ് CSR ഫണ്ടുകൾ, CMDRF ഫണ്ട്, പൊതു സംഭാവനകൾ, ബജറ്റ് വകയിരുത്തൽ തുടങ്ങിയ മാര്ഗങ്ങളിലൂടെ പണം കണ്ടെത്താം.
പ്രൈവറ്റ് ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്ക് സർക്കാർ ഉറപ്പ് നൽകുന്ന മാർഗങ്ങൾ
പ്രൈവറ്റ് ആശുപത്രികൾ അടിയന്തരമായി രോഗികളെ സ്വീകരിക്കാൻ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചിലപ്പോൾ വിമുഖത കാണിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്തെല്ലാമാണ് ചെയ്യേണ്ടത്, കേരളത്തിൽ പ്രൈവറ്റ് ആശുപത്രികളിൽ ത്വരിതമായ അടിയന്തര ചികിത്സ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ എന്തൊക്കെയാണ്? ഇവിടെയുണ്ട് ചില പരിഹാരങ്ങൾ:
അടിയന്തര ചികിത്സ ഫണ്ട് സൃഷ്‌ടിച്ച്, സ്വകാര്യ ആശുപത്രികൾ പരിചരിച്ച അടിയന്തര രോഗികൾക്ക് സർക്കാർ നേരിട്ട് റീംബഴ്സ്മെന്റ് നൽകുന്ന സംവിധാനം നടപ്പിലാക്കാവുന്നതാണ്. ഇതിലൂടെ രോഗികളുടെ സാമ്പത്തിക അവസ്ഥയെ ആശ്രയിച്ചുകൊണ്ട് സ്വകാര്യ ആശുപത്രികൾ ഉറപ്പുള്ള ചികിത്സ നൽകാനാകും.
സർക്കാർ നിർദേശിക്കുന്ന 'No-Refusal' നയം: സ്വകാര്യ ആശുപത്രികൾ അടിയന്തര രോഗികളെ ചികിത്സ ചെയ്യാതെ ഒഴിവാക്കരുതെന്ന് പ്രത്യേക നിയമം നടപ്പിലാക്കി, നയം സർക്കാർ നിർദ്ദേശിക്കാം.
കേരളത്തിലെ ആംബുലൻസ് സേവനം ഏകീകരിക്കുന്നത് ഒരു പ്രധാന ആവശ്യകതയാണ്. ഇത് ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള സേവനം ഉറപ്പാക്കുകയും, അത്യാഹിത സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ, കേരളം ആരോഗ്യരംഗത്ത് ഒരു മാതൃകാ സംസ്ഥാനമായി മാറാനാകും
ഇനി ആരുടേയും ഗോൾഡൻ അവർ നഷ്ടമാകരുത്, ജീവൻ നഷ്ടമാകരുത്. അനുഭവക്കുറവുള്ളവരും, സാമ്പത്തികലാഭം മാത്രം നോക്കുന്നവരും ആംബുലൻസ് സർവീസിൽ നിന്ന് പുറത്ത്!
പുതിയ പദ്ധതി പുതിയ പ്രതീക്ഷയ്ക്ക് വഴി തുറക്കും. ഒരൊറ്റ നമ്പറിൽ ഒരേ രീതിയിലുള്ള വിശ്വാസ്യതയുള്ള സേവനം!
***********************************************************************************
ഈ ബ്ലോഗ് ആരെങ്കിലു വായിക്കുന്നുണ്ടെകിൽ,..... നമുക്ക് ചുറ്റും ഇങ്ങനെയുള്ള ഒരാവശ്യത്തെക്കുറിച്ചു, ആലോചിക്കുകയും, പ്രാരംഭ നടപടികൾ എടുക്കാൻ അധികാരികളെ പ്രേരിപ്പിക്കുകയും, പുതിയ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യാം...
Comments
Post a Comment